മാനന്തവാടി: റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയുടെ ആക്രമണത്തിൽ മാനന്തവാടി പടമല സ്വദേശിയായ ശ്രീ അജി പനച്ചിയിൽ മരണപ്പെട്ടത് ബന്ധപ്പെട്ടവരുടെ കൃത്യവിലോപമാണ്. റേഡിയോ കോളറുള്ള ആനയുടെ നീക്കം തടയാൻ കഴിഞ്ഞില്ല എന്നത് വീഴ്ചയല്ല ഗൗരവതരമായ ഉപേക്ഷയാണ്.
രണ്ടാഴ്ചമുമ്പ് റേഡിയോ കോളർ ഘടിപ്പിച്ച തണ്ണീർ ക്കൊമ്പനും മാനന്തവാടി ടൗണിൽ എത്തിയതും ജനജീവിതം സ്തംഭിച്ചതും ഉദ്യോഗസ്ഥരുടെ ഇതേ അനാസ്ഥ മൂലം തന്നെയാണ്. വയനാട്ടില്‍ തുടര്‍ച്ചയായുണ്ടാകുന്ന വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വതമായ പരിഹാരമുണ്ടാകണമെന്ന് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ അജിയുടെ മൃതദേഹം സന്ദര്‍ശിച്ച ബിഷപ് ജോസ് പൊരുന്നേടം ആവശ്യപ്പെട്ടു. അനുദിനമെന്നോണം വന്യമൃഗങ്ങള്‍ കാടിറങ്ങുന്നത് തടയാന്‍ ബന്ധപ്പെട്ടവര്‍ സത്വരനടപടികള്‍ കൈക്കൊള്ളണമെന്നും മരണപ്പെട്ട അജിയുടെ കുടുംബത്തിന് നല്കാമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിരിക്കുന്ന വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചയുണ്ടാകരുതെന്നും ബിഷപ് ഓര്‍മ്മപ്പെടുത്തി.
ഓരോ തവണ വന്യജീവി ആക്രണമുണ്ടാകുമ്പോഴും രാഷ്ട്രീയ വിഭജനവും വർഗ്ഗീയ വിഭാഗീയതയും സൃഷ്ടിച്ച് വിഷയത്തെ വഴിമാറ്റാനും നഷ്ടപരിഹാരമെന്ന ഔദാര്യം നല്കി ജനകീയപ്രക്ഷോഭങ്ങളുടെ മുനയൊടിക്കാനുമാണ് ബന്ധപ്പെട്ടവർ ശ്രമിക്കാറുള്ളത് എന്ന് മാനന്തവാടി രൂപതയുടെ പബ്ലിക് അഫയേഴ്സ് കമ്മറ്റി നിരീക്ഷിച്ചു. പ്രശ്നങ്ങളുണ്ടാകുമ്പോഴെല്ലാം സമാനരീതിയിൽ ജനങ്ങളെ കബളിപ്പിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ മനുഷ്യാവകാശങ്ങളെ നഗ്നമായി ലംഘിക്കുകയാണ് ചെയ്യുന്നത്. ഈ നീക്കത്തിനെതിരെ മത, രാഷ്ടീയ, പ്രാദേശികതകൾ എല്ലാം മറന്നുള്ള ജനകീയ സമരം ഉയർന്നു വരണമെന്നും പബ്ളിക് അഫേർസ് കമ്മിറ്റിയുടെ അടിയന്തിര യോഗം തീരുമാനിച്ചു. പി.ആർ.ഒ മാരായ സാലു അബ്രാഹം മേച്ചരിൽ, സെബാസ്റ്റ്യൻ പാലംപറമ്പിൽ, ജോസ് പള്ളത്ത് രൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ശ്രീ ജോസ് പുഞ്ചയിൽ, പയ്യംപള്ളി ഫൊറോനപള്ളി വികാരി ഫാ. സുനിൽ വട്ടുകുന്നേൽ തുടങ്ങിയവർ സംസാരിച്ചു.
Wild animals in the land: Mananthavadi Diocese Mananthavadi says that the government systems are a failure.